കൊട്ടിയൂർ : 2013 നവംബർ 14 ന് കൊട്ടിയൂരിൽ നടന്ന കസ്തൂരി രംഗൻ വിരുദ്ധ സമരത്തിൻ്റെ പേരിലെടുത്ത ഒരു കേസിലെ പ്രതികളെ വെറുതേ വിട്ടു. ശനിയാഴ്ച്ചയാണ് തലശ്ശേരി സെഷൻസ് കോടതി ഇത് സംബന്ധിച്ച വിധി പ്രഖ്യാപിച്ചത്. ആകെ 12 കേസുകളാണ് അന്ന് പൊലീസ് റജിസ്റ്റർ ചെയ്തിരുന്നത്.
2016ൽ സംസ്ഥാന ഭരണം ലഭിച്ചാൽ കേസുകൾ ഒഴിവാക്കുമെന്ന് യുഡിഎഫും ഇടതുമുന്നണിയും പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇടതു മുന്നണി അധികാരത്തിൽ എത്തിയിട്ടും രണ്ട് വർഷത്തിന് ശേഷമാണ് തീരുമാനം ഉണ്ടായത്. എന്നാൽ 10കേസുകൾ മാത്രമാണ് പിൻവലിച്ചത്. അവശേഷിച്ച 2 കേസുകളിൽ വിചാരണ നടത്തിയിരുന്നു. വിചാരണ പൂർത്തിയായെങ്കിലും ഒരു കേസിലെ വിധി മാത്രമാണ് വന്നിട്ടുള്ളത്. കണ്ടപ്പുനത്തുള്ള വനം വകുപ്പ് ഓഫീസ് ആക്രമിച്ച് തീയിട്ടതുമായി ബന്ധപ്പെട്ട കേസിലാണ് വിധി വന്നിട്ടുള്ളത്. അവശേഷിക്കുന്ന കേസിലും വിധി ഉടൻ ഉണ്ടാകുമെന്നാണ് കരുതുന്നത്. 28പേർ കേസിൽ പ്രതികളുണ്ടായിരുന്നു. 2 പേർ മരണപ്പെട്ടു.
കേളകം പോലീസ് 626/13 എഫ്ഐആർ ഇട്ട എസ് സി 812/14 കേസിലാണ് തലശ്ശേരി അഡീഷണൽ അസിസ്റ്റ്ന്റ് സെഷൻസ് കോടതി ജഡ്ജ് എം.ശ്രുതി വിധി പ്രഖ്യാപിച്ചത്. തുടക്കത്തിൽ കേസ് കൂത്തുപറമ്പ് ജെഎഫ്സി എം കോടതിയിൽ ആയിരുന്നു. കേസുകൾ എഴുതിതള്ളാൻ സർക്കാർ തീരുമാനിച്ചിരുന്നു എങ്കിലും കോടതി നടപടികൾ തുടരുകയായിരുന്നു.
ഇപ്പോൾ 12 വർഷം കഴിയുമ്പോൾ ആണ് പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള വിധി വരുന്നത്. പ്രതികൾക്കായി അഡ്വ.പി.എം. സജിത യാണ് ഹാജരായി. കൊട്ടിയൂർ സംരക്ഷണ സമിതിയാണ് കേസ് നടപടികളെ നേരിടുന്നതിന് പ്രവർത്തിച്ചത്.
The accused in a case filed in the name of the anti-Kasturi Rangan protest in Kottiyoor were acquitted.